ബഡ്ജറ്റ് 2025-26

സുസ്ഥിര വികസന മുന്നേറ്റത്തിന്റെ പുതിയ ഒരേട് തൂണേരിയുടെ ചരിത്രത്താളുകളിൽ എഴുതിച്ചേർത്ത് തൂണേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. പിന്നിട്ട നാൾവഴികളിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്ക് ഉറച്ച പിന്തുണ നൽകിയ തൂണേരി ഗ്രാമപഞ്ചായത്തിലെ എല്ലാ വിഭാഗം ജനങ്ങളോടും ഉള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ്.താരതമ്യേന ചെറിയ വരുമാനം മാത്രമുള്ള തൂണേരി ഗ്രാമപഞ്ചായത്ത്, ലഭ്യമായ എല്ലാ ഫണ്ടുകളും കൃത്യമായ രീതിയിൽ വിനിയോഗിച്ച് അർഹരായ ജനവിഭാഗങ്ങളിലേക്ക് ആനുകൂല്യങ്ങൾ എത്തിച്ച് പുത്തൻ മാതൃക തീർക്കാൻ ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിൽ, വിദ്യാഭ്യാസ മേഖലയിൽ, പശ്ചാത്തല മേഖലയിൽ, കാർഷിക മേഖലയിൽ ഉൾപ്പെടെ നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക വഴി ജനഹിതത്തിനൊപ്പം സഞ്ചരിക്കാൻ ഭരണസമിതിക്ക് സാധിച്ചു.

പട്ടികജാതി വിഭാഗത്തിന് വേണ്ടി വകയിരുത്തിയിട്ടുള്ള മുഴുവൻ ഫണ്ടുകളും തുടർച്ചയായ വർഷങ്ങളിൽ ചെലവഴിക്കാൻ സാധിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം, ജനകീയ ഫണ്ട് സമാഹരണത്തിലൂടെ അത്യാധുനിക സൗകര്യങ്ങളോടുകൂടി പുനർ നിർമ്മിച്ച കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം, ഗ്രാമീണ റോഡുകൾ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച റോഡുകൾ, ഡ്രൈനേജുകൾ, തോടുകൾ, അങ്കണവാടി കെട്ടിടങ്ങൾ, 'തെളിമയാർന്ന തൂണേരി' പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ ഉൾപ്പെടെ നിരവധി പദ്ധതികൾ പൂർണ്ണമായ രീതിയിൽ ആവിഷ്കരിച്ച് നടപ്പിലാക്കാൻ സാധിച്ചു എന്നത് ഈ ഭരണസമിതിയെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ നേട്ടമാണ്.അർഹരായ മുഴുവൻ ആളുകൾക്കും പാർപ്പിടം എന്ന ലക്ഷ്യത്തിലേക്ക് നാം ചുവടുവെക്കുകയാണ്. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ചേർത്തുപിടിച്ചുകൊണ്ട്, ഭിന്നശേഷിക്കാർ, വൃദ്ധർ, അതിദരിദ്രർ, ആശ്രയ വിഭാഗത്തിൽ ഉൾപ്പെട്ടവർ എന്നീ വിഭാഗങ്ങൾക്ക് വേണ്ടി വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കിക്കൊണ്ട് മുന്നേറുന്ന ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്ന രീതിയിൽ ആണ് 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് വിഭാവനം ചെയ്തിരിക്കുന്നത്.

ഒരുപാട് ദൂരം സഞ്ചരിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട് എങ്കിലും ഇനിയും ഒരുപാട് മുന്നേറാനുണ്ട് എന്ന ഉറച്ച ബോധ്യത്തോടെ തന്നെയാണ് ഭരണസമിതി പ്രവർത്തിക്കുന്നത്. നിരവധിയായ പദ്ധതികൾ ഭരണസമിതി കാലയളവിൽ തന്നെ പൂർത്തീകരണത്തിന്റെ ഘട്ടത്തിലാണ്. വടകര ലോകസഭ എംപിയായിരുന്ന ശ്രീ. കെ. മുരളീധരന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചു നിർമ്മിക്കുന്ന യോഗാ ഹാൾ, വിവിധ അംഗണവാടി കെട്ടിടങ്ങൾ, ചെറുപലത്ത് ഭാഗം കുടിവെള്ള പദ്ധതി, പുതുശ്ശേരി ഭാഗം കുടിവെള്ള പദ്ധതി, നിരവധി ഗ്രാമീണ റോഡുകൾ, എം.സി.എഫ് കേന്ദ്രം, ടൗൺ ടോയ്ലറ്റ് എന്നിവ പൂർത്തീകരിച്ച് വികസന മുന്നേറ്റത്തിൻ്റെ ഉദാത്ത മാതൃകയായി പ്രവർത്തിക്കുന്ന ഒരു ഭരണസമിതിയുടെ ഭാഗമാകാൻ സാധിച്ചതിൽ നമുക്ക് അഭിമാനിക്കാം.കൂടുതൽ മേന്മയോടെ, ജനഹൃദയങ്ങൾ ഏറ്റെടുക്കുന്ന പദ്ധതികൾക്ക് രൂപം നൽകിക്കൊണ്ട് ആവിഷ്കരിച്ച തൂണേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 2025-26 വാർഷിക ബജറ്റ് തൂണേരിയുടെ വികസന കുതിപ്പിന് കൂടുതൽ കരുത്ത് പകരട്ടെ എന്ന് ആശംസിക്കുന്നു

  • 2025-26 ബജറ്റ്